മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചു സംസാരിക്കുന്നതുപോലെയാണ് യേശു പ്രാർത്ഥനയെക്കുറിച്ചു പഠിപ്പിക്കുന്നത്. വിശക്കുന്ന നിങ്ങളുടെ കുട്ടിക്കു നിങ്ങൾ പാമ്പിനെ കൊടുക്കുമോ? ഒരിക്കലുമില്ല. കുറവുകളുള്ള മാതാപിതാക്കൾപോലും മക്കൾക്കു നല്ലതു കൊടുക്കുന്നു. അങ്ങനെയെങ്കിൽ, അവൻ പറയുന്നു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങൾക്കു തരാൻ എത്ര അധികം ആഗ്രഹിക്കുന്നു എന്നു ചിന്തിക്കുക.
യാചിച്ചുകൊണ്ടേയിരിക്കുവാൻ അവൻ നമ്മോടു പറയുന്നു. ഒരിക്കൽ മാത്രമല്ല, അടുക്കളയിലേക്കു വീണ്ടും വീണ്ടും വരുന്ന ഒരു കുട്ടിയെപ്പോലെ, പിന്നെയും പിന്നെയും. പ്രാർത്ഥന ഒരു വെൻഡിംഗ് മെഷീനല്ല; ഓരോ അപേക്ഷയും നാം സങ്കല്പിക്കുന്ന വിധത്തിൽ സാധിക്കുന്നുമില്ല. എന്നാൽ മുട്ടിക്കൊണ്ടേയിരിക്കുന്ന ആരും എന്നേക്കും പുറത്തു നില്ക്കേണ്ടിവരുന്നില്ല.
ദൈവം ഏറ്റവും നല്കാൻ ആഗ്രഹിക്കുന്നത് എന്താണെന്നു ലൂക്കൊസ് നമ്മോടു പറയുന്നു: പരിശുദ്ധാത്മാവിനെ. നാം പലപ്പോഴും കാര്യങ്ങൾ ചോദിക്കുന്നു; അതിൽ തെറ്റില്ല. എന്നാൽ പ്രാർത്ഥനയ്ക്കുള്ള ഏറ്റവും ആഴമുള്ള ഉത്തരം ഒരു വസ്തുവല്ല. നമ്മിൽ വസിച്ച്, ഉള്ളിൽനിന്നു നമ്മെ മാറ്റുന്ന ദൈവംതന്നെയാണ്. ദിവസവും മുട്ടാൻ തക്ക മൂല്യമുള്ള ദാനമാണത്.