പതിനെട്ടു വർഷം ഈ സ്ത്രീ കണ്ടത് ഏറെയും നിലം മാത്രമാണ്. ആളുകളുടെ മുഖത്തു നോക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. എന്നിട്ടും എല്ലാ ശബ്ബത്തിലും കുനിഞ്ഞുകൊണ്ട്, ഒരുപക്ഷേ ഏറ്റവും പിന്നിൽ ഇരുന്നുകൊണ്ട്, അവൾ പള്ളിയിൽ വന്നു. എന്തെങ്കിലും മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല; ഒരുപക്ഷേ അവൾപോലും.
യേശു അവളെ കാണുന്നു. ലൂക്കൊസ് നമ്മോട് ആദ്യം പറയുന്നത് അതാണ്. എല്ലാവരുടെയും മുമ്പിൽ മുന്നോട്ടു വരാൻ അവൻ അവളെ വിളിച്ച് അവളുടെമേൽ കൈവെക്കുന്നു. പതിനെട്ടു വർഷത്തിനിടയിൽ ആദ്യമായി അവൾ നിവർന്നുനില്ക്കുന്നു; പുതിയ നിലയിൽ അവൾ ആദ്യം ചെയ്യുന്നത് ദൈവത്തെ സ്തുതിക്കുകയാണ്.
പള്ളിപ്രമാണിക്ക് അവളെക്കാൾ ആശങ്ക നിയമങ്ങളെക്കുറിച്ചാണ്. ആളുകളെ സ്വതന്ത്രരാക്കാനുള്ള ദിവസംതന്നെയാണ് ശബ്ബത്ത് എന്നു യേശു ഉത്തരം നല്കുന്നു. നമുക്കു ചുറ്റുമുള്ള പലരും ഭാരമുള്ള എന്തിന്റെയോ കീഴിൽ കുനിഞ്ഞിരിക്കുന്നു: ദുഃഖം, കടം, ലജ്ജ, രോഗം. മുഖമുയർത്തി അവരെ ശ്രദ്ധിക്കാനും, അവരെ നിവർന്നുനില്ക്കാൻ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാകും എന്നു ചോദിക്കാനുമുള്ള സമയമാണ് നോമ്പ്.